ONV Malayalam Kavithakal Lyrics

ONV Malayalam Kavithakal Lyrics:-Ottaplakkal Neelakandan Velu Kurup was a Malayalam poet and lyricist from Kerala. He has won the Jnanpith Award for the year 2007,Padma Shri in 1998 and Padma Vibhushan in 2011.

ONV Malayalam Kavithakal Lyrics

Madhurikkum Ormakale ONV Malayalam Kavithakal Lyrics

മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍ (2)

ഇടനെഞ്ചിന്‍ താളമോടെ
നെടുവീര്‍പ്പിന്‍ മൂളലോടെ
ഇടനെഞ്ചിന്‍ താളമോടെ നെടുവീര്‍പ്പിന്‍ മൂളലോടെ
മലര്‍മഞ്ചല്‍ തോളിലേറ്റി പോവുകില്ലേ
ഓ ഓ
മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍

ഒരു കുമ്പിള്‍ മണ്ണ്കൊണ്ട് വീടുയ്ക്കാം
ഒരു തുമ്പപൂവ്‌ കൊണ്ട് വിരുന്നൊരുക്കാം (2)
ഒരു നല്ല മാങ്കനിയാ മണ്ണില്‍ വീഴ്ത്താം
ഒരു കാറ്റിന്‍ കനിവിന്‍നായ്
ഒരു കാറ്റിന്‍ കനിവിന്നായ് പാട്ടു പാടാം
ഓ ഓ
മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍

ഒരു നുള്ള് പൂവിറുത്തു മാല കോര്‍ക്കാം
ഒരു പുള്ളിക്കുയിലിനൊത്ത് കൂവി നില്‍ക്കാം (2)
ഒരു വാഴക്കൂമ്പില്‍ നിന്നും തേന്‍ കുടിക്കാം
ഒരു രാജാ ഒരു റാണീ
ഒരു രാജാ ഒരു റാണി ആയി വാഴാം ഓ.. ഓ

മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ..
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍

kothambu Manikal ONV Malayalam Kavithakal Lyrics

പേരറിയാത്തൊരു പെണ്‍കിടാവേ, നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു.
കോതമ്പുക്കതിരിന്റെ നിറമാണ്;
പേടിച്ച പേടമാന്‍ മിഴിയാണ്.
കയ്യില്‍ വളയില്ല, കാലില്‍ കൊലുസ്സില്ല,
മേയ്യിലലങ്കാരമൊന്നുമില്ല;
ഏറുന്ന യൌവനം മാടി മറയ്ക്കുവാന്‍
കീറിത്തുടങ്ങിയ ചേലയാണ്!
ഗൗരിയോ ലക്ഷ്മിയോ സീതയോ രാധയോ
പേരെന്ത് തന്നെ വിളിച്ചാലും,
നീയെന്നും നീയാണ്; കോതമ്പു പാടത്ത്
നീര്‍ പെയ്തു പോകും മുകിലാണ്!
കത്തും വറളി പോല്‍ ചുട്ടുപഴുത്തൊരാ
കുഗ്രാമ ഭൂവിന്‍ കുളിരാണ്!
ആരെയോ പ്രാകി മടയ്ക്കുമോരമ്മയ്ക്ക്
കൂരയില്‍ നീയൊരു കൂട്ടാണ്.
ആരാന്റെ കല്ലിന്മേല്‍ രാകിയഴിയുന്നോ-
രച്ഛന്റെ ആശ തന്‍ കൂടാണ്.
താഴെയുള്ളിത്തിരിപ്പോന്ന കിടാങ്ങള്‍ക്ക്
താങ്ങാണ്, താരാട്ട് പാട്ടാണ്!
പേരറിയാത്തൊരു പെണ്‍കിടാവേ
എനിക്കേറെപ്പരിചയം നിന്നെ!

കുഞ്ഞായിരുന്ന നാള്‍ കണ്ടു കിനാവുകള്‍ ,
കുഞ്ഞു വയര്‍ നിറച്ചാഹാരം;
കല്ലുമണിമാല, കൈവളയുത്സവ-
ച്ചന്തയിലെത്തും പലഹാരം.

തോട്ടയലത്തെത്തൊടിയില്‍ക്കയറിയോ-
രത്തിപ്പഴം നീയെടുത്തു തിന്നു.
ചൂരല്‍പ്പഴത്തിന്റെ കയ്പ്പുനീരും കണ്ണു-
നീരുമതിന്നെത്ര മോന്തീല?
പിന്നെ മനസ്സില്‍ കൊതിയുണര്‍ന്നാലത്
പിഞ്ചിലേ നുള്ളിയെറിയുന്നു.
കൊയ്തു കഴിഞ്ഞൊരു കോതമ്പു പാടത്ത്
കുറ്റികള്‍ കത്തിക്കരിയുമ്പോള്‍ ,
ഒറ്റയ്ക്കിരുന്നു നിന്‍ തുച്ഛമാം സ്വപ്‌നങ്ങള്‍
ഒക്കെക്കരിഞ്ഞതും കാണുന്നു.
ഞെട്ടുന്നില്ലുള്ള് നടുങ്ങുന്നില്ല നീ
ഞെട്ടുറപ്പുള്ളൊരു പൂവല്ലേ?
പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു.

ഞാറാണെങ്കില്‍ പറിച്ചു നട്ടീടണം
ഞാറ്റുവേലക്കാലമെത്തുമ്പോള്‍ ;
പെറ്റുവളര്‍ത്തും കുടി വിട്ടു പെണ്ണിന്
മറ്റൊരിടത്ത് കുടിവയ്പ്പ്! (2)
വയലിനുമപ്പുറത്തേതോ സ്വയംവര-
പ്പുകിലിനു മേലാളര്‍ പോകുമ്പോള്‍ ,
വെറുതെയീ നിനവുകള്‍ വന്നു പോയി
വെയിലത്തൊരു മഴ ചാറ്റല്‍ പോലെ..
കുറുകുഴല്‍പ്പാട്ടുണ്ട്, താളമുണ്ട്,
കുതിരപ്പുറത്തു മണാളനുണ്ട്;
പൊന്നിന്‍തലപ്പാവ്, പാപ്പാസ് പയ്യന്
മിന്നുന്ന കുപ്പായം പത്രാസ്!
മുല്ലപ്പൂ കോര്‍ത്തോരിഴകളല്ലോ
മുഖമാകെ മൂടിക്കിടപ്പുണ്ട്!
കുറെയേറെയാളുകള്‍ കൂടെയുണ്ടെത്രയോ-
കുറിയിതേ കാഴ്ച നീ കണ്ടൂലോ..
കുതിരപ്പുരത്തിരുന്നാടിയാടി
പുതുമണവാളനാ പോക്ക് പോകെ
തിക്കിത്തിരക്കി വഴിയരികില്‍ പണ്ട്
നില്‍ക്കുവാനുത്സാഹമായിരുന്നു.
കണ്‍കളിലത്ഭുതമായിരുന്നു വിടര്‍ –
ക്കണ്ണാലെ പിന്നാലെ പോയിരുന്നു.
ഇന്നാക്കുറുകുഴല്‍പ്പാട്ട് കേള്‍ക്കേ,
ഇന്നാ നിറന്ന വരവ് കാണ്‍കേ.
പാതവക്കത്തേക്ക് പായുന്നതില്ല നീ
പാടാന്‍ മറന്ന കിളിയല്ലേ!
പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു.

നിന്നെ വധുവായലങ്കരിക്കാനിങ്ങു
പൊന്നില്ല, പൂവില്ല, ഒന്നുമില്ല.
മയ്യെഴുതിച്ചു മൈലാഞ്ചി ചാര്‍ത്തി ചുറ്റും
കൈകൊട്ടി പാടാനുമാരുമില്ല.

വെള്ളക്കുതിരപ്പുറത്ത് വന്നെത്തുവാന്‍
ഇല്ലോരാള്‍ , കൊട്ടും കുഴലുമില്ല.
കൊക്കിലോതുങ്ങാത്ത ഭാഗ്യങ്ങളൊന്നുമേ.
കൊത്തി വിഴുങ്ങാന്‍ കൊതിയുമില്ല!
തന്‍ പഴങ്കണ്ണുകൊണ്ടേറെക്കണ്ടോ-
രമ്മുമ്മ തന്‍ ചൊല്ലോര്‍ക്കുന്നു,
നമ്മള് നോക്കി വളര്‍ത്തുമീക്കോതമ്പും
നമ്മളും മക്കളെ ഒന്ന് പോലെ! (2)

ആറ്റുനോറ്റാരോ വളര്‍ത്തുന്നു,
കതിരാരോ കൊയ്തു മെതിക്കുന്നു
പൊന്നിന്‍ മണികളാക്കമ്പോളങ്ങളി-
ലെങ്ങോ പോയിത്തുലയുന്നു!

ഇന്നുമീ രാവിലുറങ്ങാതെയെന്തേ നിന്‍
കണ്‍കളിരുട്ടില്‍ പരതുന്നു?
കാതോര്‍ത്ത് തന്നെയിരിക്കുന്നു, വെറും
കാറ്റിന്‍ മൊഴിയിലും ചൂളുന്നു?
അച്ഛന്റെയുച്ഛ്വാസ താളം മുറുകുമ്പോള്‍
അമ്മയിടയ്ക്കു ഞരങ്ങുമ്പോള്‍ ,
കെട്ടിപ്പിടിച്ചു കിടക്കും കിടാങ്ങള-
വ്യക്തമുറക്കത്തില്‍ പേശുമ്പോള്‍ ,
കൂരകള്‍ തോറും കയറിയിറങ്ങുന്ന
ക്രൂരനാം മൃത്യുവേയോര്‍ത്തിട്ടോ,
പത്തി വടര്‍ത്തുമാ മൃത്യുവിന്‍ ദൂതനാം
പട്ടിണി നീറ്റുന്നതോര്‍ത്തിട്ടോ,
കൂരതന്‍ വാതിലില്‍ കാറ്റൊന്നു തട്ടിയാല്‍-
ക്കൂടി മറ്റെന്തൊക്കെയോര്‍ത്തിട്ടോ
നീയിന്നു നിന്നിലൊളിക്കുന്നു,
നീയിന്നു നിന്നെ ഭയക്കുന്നു!
നീയിന്നു നിന്നിലൊളിക്കുന്നു,
നീയിന്നു നിന്നെ ഭയക്കുന്നു!
പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു!

പേടിച്ചരണ്ട നിന്‍ കണ്ണുകള്‍ രാപ്പകല്‍
തേടുന്നതാരെയെന്നറിവൂ ഞാന്‍.
മാരനെയല്ല, മണാളനെയല്ല, നിന്‍-
മാനം കാക്കുമൊരാങ്ങളയെ!
കുതിരപ്പുറത്തു തന്നുടവാളുമായവന്‍
കുതികുതിച്ചെത്തുന്നതെന്നാവോ..?
കുതികുതിച്ചെത്തുന്നതെന്നാവോ..?

Nishagandhi Neeyethra Dhanya ONV Malayalam Kavithakal Lyrics

നിശാഗന്ധി നീയെത്ര ധന്യ,
നിശാഗന്ധി നീയെത്ര ധന്യ..

നിഴല്‍ പാമ്പുകള്‍ കണ്ണൂകാണാതെ നീന്തും നിലാവില്‍
നിരാലംബശോകങ്ങള്‍തന്‍ കണ്ണുനീര്‍പൂക്കള്‍
കണ്‍ചിമ്മിനില്‍ക്കുന്ന രാവില്‍,

നിശാഗന്ധി നീയേതദൃശ്യപ്രകാശത്തെ
നിന്നുള്ളിലൂതിത്തെളിക്കാനൊരേ നില്പു് നിന്നൂ..
നിലാവും കൊതിക്കും മൃദുത്വം നിനക്കാരു തന്നൂ..

മഡോണാസ്മിതത്തിന്നനാഘ്രാത ലാവണ്യ നൈര്‍മല്ല്യമേ
മൂകനിഷ്പന്ദ ഗന്ധര്‍വ്വസംഗീതമേ..
മഞ്ഞുനീരില്‍ തപം ചെയ്തിടും നിത്യകന്യേ

നിശാഗന്ധി നീയെത്ര ധന്യ,
നിശാഗന്ധി നീയെത്ര ധന്യ..

വിടര്‍ന്നാവു നീ സുസ്മിതേ
നിന്‍ മനസ്സില്‍ തുടിക്കും പ്രകാശം പുറത്തില്ല..

ഇരുള്‍ പെറ്റ നാഗങ്ങള്‍ നക്കിക്കുടിക്കും
നിലാവിന്റെ നാഴൂരിവെട്ടം തുളുമ്പിത്തുടിക്കുന്ന
മണ്‍ചട്ടിയില്‍ നീ വിടര്‍ന്നു,
വിടര്‍‌ന്നൊന്നു വീര്‍‌പ്പിട്ടു നിന്നൂ..
മനസ്സിന്റെ സൗമ്യാര്‍ദ്ര ഗന്ധങ്ങളാ വീര്‍പ്പിലിറ്റിറ്റു നിന്നൂ..

നിശാഗന്ധി നീയെത്ര ധന്യ,
നിശാഗന്ധി നീയെത്ര ധന്യ..

നിനക്കുള്ളതെല്ലാമെടുക്കാന്‍ കൊതിക്കും
നിശാവാതമോടിക്കിതച്ചെത്തി നിന്‍
പട്ടുചേലാഞ്ചലത്തില്‍ പിടിക്കെ..
കരം കൂപ്പിയേഗാഗ്രമായ്,
ശാന്തനിശ്ശബ്ദമായ്,
ധീരമേതോരു നിര്‍വ്വാണമന്ത്രം ജപിച്ചു..

നിലാവസ്തമിച്ചു,
മിഴിച്ചെപ്പടച്ചു,
സനിശ്വാസമാഹംസഗാനം നിലച്ചു..

നിശാഗന്ധി നീയെത്ര ധന്യ,
നിശാഗന്ധി നീയെത്ര ധന്യ..

ഇവര്‍ക്കന്ധകാരം നിറഞ്ഞോരുലോകം തുറക്കപ്പെടുമ്പോള്‍
ജനിച്ചെന്ന തെറ്റിന്നു ജീവിക്കുകെന്നേ വിധിക്കപ്പെടുമ്പോള്‍
തമസ്സിന്‍ തുരുമ്പിച്ച കൂടാരമൊന്നില്‍ തളച്ചിട്ട ദുഖങ്ങള്‍ ഞങ്ങള്‍
കവാടം തകര്‍‌ത്തെത്തുമേതോ സഹസ്രാംശുവെ
കാത്തുകാത്തസ്തമിക്കുന്ന മോഹങ്ങള്‍ ഞങ്ങള്‍,
ഭയന്നുറ്റു നോക്കുന്നു ഹാ മൃത്യുവെ..
നീ മൃത്യുവെ സ്വയം കൈവരിച്ചോരു കന്യ
നിശാഗന്ധി നീയെത്ര ധന്യ,.

നിശാഗന്ധി നീയെത്ര ധന്യ..
നിശാഗന്ധി നീയെത്ര ധന്യ..

Bhoomikoru Charamageetham ONV Malayalam Kavithakal Lyrics

ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.

മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-
നിഴലില്‍ നീ നാളെ മരവിക്കേ,
ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!
ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ;
ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!

പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ
എണ്ണിയാല്‍ തീരാത്ത,
തങ്ങളിലിണങ്ങാത്ത
സന്തതികളെ നൊന്തു പെറ്റു!
ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത്
കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ
കണ്ണീരൊഴുക്കി നീ നിന്നൂ!
പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ
തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ
നിന്നു നീ സര്‍വംസഹയായ്!

ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-
യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍-
ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)-
തിരുഹൃദയ രക്തം കുടിക്കാന്‍!
ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ-
ചിത്രപടകഞ്ചുകം ചീന്തി
നിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍-
നിന്നുതിരും ഉതിരമവര്‍മോന്തി
ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു-
മാര്‍ത്തലക്കുന്നു മൃദുതാളം!

അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന-
തരുണന്റെ കഥയെത്ര പഴകീ
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍
വസുധയുടെ വസ്ത്രമുരിയുന്നു!
വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര-
മഴുമുനകള്‍ കേളി തുടരുന്നു!
കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നിന്നഗ്നി
വര്‍ഷിച്ചു രോഷമുണരുന്നു!
ആടിമുകില്‍മാല കുടിനീര് തിരയുന്നു!

ആതിരകള്‍ കുളിരു തിരയുന്നു.
ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു!
ആറുകളൊഴുക്ക് തിരയുന്നു!
സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു, ജീവരഥ-
ചക്രങ്ങള്‍ ചാലിലുറയുന്നു!
ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും
ചേതനയില്‍ ശേഷിക്കുവോളം
നിന്നില്‍ നിന്നുയിരാര്‍ന്നൊ-
രെന്നില്‍ നിന്നോര്‍മകള്‍ മാത്രം!

നീ, യെന്റെ രസനയില്‍ വയമ്പും നറും തേനു-
മായ് വന്നൊരാദ്യാനുഭൂതി!
നീ, എന്റെ തിരി കെടും നേരത്ത് തീര്‍ത്ഥകണ-
മായലിയുമന്ത്യാനുഭൂതി!

നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെ
മഞ്ഞുനീര്‍ തുള്ളിയില്‍പ്പോലും
ഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍-
കരളിലൊരു വിസ്മയവിഭാതം!
നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോ-
യെന്നുമെന്‍ കാമമാം ധേനു.
നിന്റെ കടലിന്‍മീതെയേതോ പ്രവാചകര്‍
വന്നപോല്‍ കാറ്റുകള്‍ നടന്നൂ.

ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലും
താരാട്ടുമായ് നീയുണര്‍ന്നിരിക്കുന്നതും
ആയിരം കാവുകളിലൂഞ്ഞാലിടുന്നതും
ആലിലത്തുമ്പത്തിരുന്നു തുളളുന്നതും
അഞ്ചിതല്‍ പൂക്കളായ് കൈയാട്ടി നില്‍പതും
അമ്പലപ്രാവായി നീ കുറുകുന്നതും
ആയിരം പുഴകളുടെയോളങ്ങളായെന്റെ
ആത്മഹര്‍ഷങ്ങള്‍ക്കു താളം പിടിപ്പതും
പൂവാകയായ് പുത്തിലഞ്ഞിയായ് കൊന്നയായ്
പുത്തനാം വര്‍ണ്ണകുടകള്‍ മാറുന്നതും.
കൂമന്റെ മൂളലായ് പേടിപ്പെടുത്തി നീ
കുയിലിന്റെ കൂകയലായ് പേടിതീര്‍ക്കുന്നതും
അന്തരംഗങ്ങളില്‍ കളമെഴുതുവാന്‍ നൂറു
വര്‍ണ്ണങ്ങള്‍ ചെപ്പിലൊതുക്കി വെക്കുന്നതും
സായന്തനങ്ങളെ സ്വര്‍ണ്ണമാക്കുന്നതും
സന്ധ്യയെയെടുത്തു നീ കാട്ടില്‍ മറയുന്നതും
പിന്നെയൊരുഷസ്സിനെത്തോളിലേറ്റുന്നതും
എന്നെയുമുണര്‍ത്തുവാ, നെന്നയമൃതൂട്ടുവാന്‍,
കദളിവന ഹൃദയ നീഡത്തിലൊരു കിളിമുട്ട
അടവച്ചു കവിതയായ് നീ വിരിയിപ്പതും
ജലകണികപോലവേ തരളമെന്‍ വാഴ്വിനൊരു
നളിനദലമായി നീ താങ്ങായി നില്പതും
അറിയുന്നു ഞാ, നെന്നില്‍ നിറയുന്നു നീ, യെന്റെ
അമൃതമീ നിന്‍ സ്മൃതികള്‍ മാത്രം!

ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ!
അരിയ നിന്‍ ചിറകിന്റെ-
യൊരു തൂവലിന്‍ തുമ്പി-
ലൊരു മാത്രയെങ്കിലൊരു മാത്ര, യെന്‍ വാഴ്വെന്ന
മധുരമാം സത്യം ജ്വലിപ്പൂ!
അതു കെട്ടുപോകട്ടെ! — നീയാകുമമൃതവും
മൃതിയുടെ ബലിക്കാക്ക കൊത്തീ…!
മുണ്ഡിതശിരസ്കയായ് ഭ്രഷ്ടയായ് നീ സൗര-
മണ്ഡലപ്പെരുവഴിയിലൂടെ
മാനഭംഗത്തിന്റെ മാറാപ്പുമായി സ-
ന്താന പാപത്തിന്റെ വിഴുപ്പുമായി
പാതിയുമൊഴിഞ്ഞൊരു മനസ്സിലതിതീവ്രമാം
വേദനകള്‍ തന്‍ ജ്വാല മാത്രമായി
പോകുമിപ്പോക്കില്‍ സിരകളിലൂടരി-
ച്ചേറുകയല്ലീ കരാളമൃത്യൂ?….

ഇനിയും മരിക്കാത്ത ഭൂമി ?
ഇതു നിന്റെ മൃതശാന്തി ഗീതം!
ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം!
ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ല ഞാ, നാകയാല്‍
ഇതുമാത്രമിവിടെ എഴുതുന്നു.
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
മൃതിയില്‍ നിനക്കാത്മശാന്തി!

Kunjedathi ONV Malayalam Kavithakal Lyrics

കുഞ്ഞേടത്തിയെത്തന്നെയല്ലോ
ഉണ്ണിയ്ക്കെന്നെന്നുമേറെയിഷ്ടം
കുഞ്ഞേടത്തിയെത്തന്നെയല്ലോ
ഉണ്ണിയ്ക്കെന്നെന്നുമേറെയിഷ്ടം
പൊന്നേ പോലത്തെ നെറ്റിയിലുണ്ടല്ലോ
മഞ്ഞൾ വരക്കുറി ചാന്തുപൊട്ടും
ഈറൻമുടിയിൽ എള്ളെണ്ണ മണം ചില-
നേരമാ തുമ്പത്തൊരു പൂവും

കയ്യിലൊരറ്റ കുപ്പിവള മുഖം
കണ്ടാൽ കാവിലെ ദേവി തന്നെ
മടിയിലിരുത്തീട്ടു മാറോട് ചേത്തിട്ടു
മണി മണി പോലെ കഥപറയും
ആനേടെ മയിലിന്റെ ഒട്ടകത്തിന്റെയും
ആരും കേൾക്കാത്ത കഥപറയും
കുഞ്ഞേടത്തിയെ തന്നെയല്ലോ
ഉണ്ണിയ്ക്കെന്നെന്നുമേറെയിഷ്ടം

ഉണ്ണിയ്ക്കെന്തിനുമേതിന്നും
കുഞ്ഞേടത്തിയെ കൂട്ടുള്ളൂ
കണ്ണിൽ കണ്ടതും കത്തിരിക്കായുമി-
തെന്താണെന്നുണ്ണീ ചോദിയ്ക്കും
കുഞ്ഞേടത്തി പറഞ്ഞു കൊടുക്കുമ്പോൾ
ഉണ്ണിയ്ക്കത്ഭുതമാഹ്ലാദം.

എന്തിന് പൂക്കൾ വിരിയുന്നു
ഉണ്ണിയെ കാണാൻ കൊതിച്ചിട്ട്
എന്തിന് തുമ്പികൾ പാറുന്നു
ഉണ്ണിയെ കാട്ടികൊതിപ്പിയ്ക്കാൻ
അണ്ണാർക്കണ്ണനും മണ്ണുചുമന്നതും
കുഞ്ഞിതത്ത പയറുവറുത്തതും
ആയർപെണ്ണിന്റെ പാൽക്കുടം തൂവിയോ-
രായിരം തുമ്പപ്പൂമണ്ണിലുതിർന്നതും,
പാവം തെച്ചിയ്ക്ക് ചെങ്കണ്ണായതും
പൂവൻ കുലച്ചതിൽ പൂന്തേനുറഞ്ഞതും
കാർമുകിൽ കാവടി തുള്ളിയുറഞ്ഞിട്ട്
നീർപെയ്തുതാഴെ തളർന്നേ വീണതും,
നക്ഷത്ര പാടത്ത് കൊയ്ത്തിന്നാരോ
പുത്തൻ പൊന്നരിവാളുമായ് വന്നതും,
പയ്യെ പയ്യെ പകൽകിളി കൂടുവി-
ട്ടയ്യയ്യ വെള്ളി തൂവൽ കുടഞ്ഞതും
കാക്കയിരുന്നു വിരുന്നു വിളിച്ചതും
കാക്കേടെ കൂട്ടിൽ കുയിൽ മുട്ടയിട്ടതും
ഈച്ചയും പൂച്ചയും കഞ്ഞിവെച്ചിട്ടതിൽ
ഈച്ച മരിച്ചതും പൂച്ചകുടിച്ചതും
ഉച്ചവെയിലെങ്ങോ വെള്ളം കുടിയ്ക്കാൻ
പെട്ടന്നുപോയി തിരികെ വരുന്നതും
കുഞ്ഞേടത്തി പറഞ്ഞു കൊടുക്കുമ്പോൾ
ഉണ്ണിയ്ക്കത്ഭുതമാഹ്ലാദം

ഒക്കത്തെടുത്തു നടന്നു കുഞ്ഞേടത്തി
ഒക്കെയുമുണ്ണിയെ കാട്ടുന്നു
ഒക്കെയുമുണ്ണിയെ കാട്ടുന്നു

ഒരുനാളങ്ങനെ പുഴകണ്ടു കുഞ്ഞു
തിരകളതിന്മാറിൽ ആടുന്നു
പാൽനുരകളതിന്മാറിലുതിരുന്നു
തിരു തകൃതിയിലെങ്ങോ പായുന്നു

കുടിവെച്ച മലയുടെ താഴ്വാരത്തി-
ന്നടിവെച്ചടിവെച്ചു വരികയത്രെ..
മക്കൾ വാഴുന്നിടം കാണാനക്കൊച്ചു
മക്കളെ കാണാൻ വരികയത്രേ
ഏതാണാമക്കളെന്നുണ്ണി ചോദിയ്ക്കെ
കുഞ്ഞേടത്തിതൻ മുഖം വാടുന്നു
തെല്ലിടെ പോകെ പറയുന്നു
പുഴയ്ക്കെല്ലാരുമെല്ലാരും മക്കളാണ്
നമ്മളും ?
നമ്മളും വിസ്മയമാർന്നുണ്ണി
അമ്മയെ വിടർകണ്ണാൽ കാണുന്നു
അമ്മയെ വിടർകണ്ണാൽ കാണുന്നു

കുഞ്ഞിത്തിരകളെ കയ്യിലെടുത്തി-
ട്ടൂഞ്ഞാലാട്ടുന്നൊരമ്മ
ഉള്ളംകയ്യുമടക്കുനിവർത്തീ-
ട്ടുമ്മകൊടുത്തിട്ടുയിരുകുളിർത്തിട്ടു
ണ്ണിയുറങ്ങുന്നു താരാട്ടു പാടുന്ന
കുഞ്ഞേടത്തിയെ പോലെ
അമ്മയുമിങ്ങനെ യിങ്ങനെയാണോ

കുഞ്ഞേടുത്തിതൻ കയ്യിൽപിടിച്ചു
കൊണ്ടുണ്ണി പുഴയിലിറങ്ങുന്നു
അത്തെളിനീറ്റി ലാന്നാദ്യം തൊട്ടപ്പോൾ
ഇക്കിളി തേൻ കുളിർ മെയ്യാകെ
ഇത്തിരി കുറുവര വൃത്തങ്ങൾ നീറ്റിൽ
പൊട്ടിവിരിയുന്നു മായുന്നു..
മീതെ തൊട്ടു തൊടാതെ പറന്നുപോം
ഏതോ പക്ഷിയെ കാണുന്നു
താഴെയൊരു തള്ള മീനുണ്ടതിൻ പിമ്പേ
താളത്തിൽ തത്തുന്നു കുഞ്ഞുങ്ങൾ

പുഴയിലിറങ്ങുവാൻ മോഹമായുണ്ണിയ്ക്ക്
പുഴയിൽ നീന്തി കുളിയ്ക്കേണം
പുഴയെകെട്ടിപ്പിടിച്ചുകിടന്നമ്മ-
കുളിരിൽ മുങ്ങിയുറങ്ങേണം
കുഞ്ഞേടത്തി വിലക്കുമ്പോഴാ
കുഞ്ഞുമിഴികൾ നിറയുന്നു
കൈയ്ക്കു പിടിച്ചു കരയ്ക്കു കയറ്റി
കൈകാൽ തോർത്തിച്ചെടുത്തു നടക്കേ
അരുതരുതുണ്ണീ എന്നല്ലാതൊന്നും
ഉയിരാടീലന്നു കുഞ്ഞേടത്തി
ഉണ്ണിക്കിനാവിലും പിന്നെപലകുറി
കുഞ്ഞേടത്തിതൻ കൈയ്ക്കുപിടിച്ചും
ചെന്നുപുഴയിയിലെന്നാലുമിറങ്ങി
ചെല്ലാനായില്ലാഴത്തിൽ

ഉണ്ണിയ്ക്കെന്നാലും പിണക്കമില്ല
കുഞ്ഞേടത്തി വെറും പാവം
ആകെ തളർന്നു കിടക്കും തന്നച്ഛനെ
ആരെ താങ്ങുന്നു കുഞ്ഞേടത്തി
ഓണം വിഷുവിനും ആണ്ടിലിരുകുറി
ഓടിവന്നോടിപ്പോം വല്ല്യേട്ടൻ
കള്ളനെപ്പോലെ പതുങ്ങിക്കടന്നുവന്നു-
ള്ളതു വല്ലതും വാരിക്കഴിച്ചുപോം
രണ്ടാമത്തേട്ടനെ കണ്ടെന്നതാരോടും
മിണ്ടരുതെന്നോതും കുഞ്ഞേടത്തി
ഒറ്റയ്ക്കടപ്പിൽ തീയൂതുന്നു വെയ്ക്കുന്നു
ഒക്കെയറിയുവാനുണ്ണിമാത്രം
ഒക്കെയറിയുവാനുണ്ണിമാത്രം
ഒറ്റയ്ക്കിരുന്നു കരയുമ്പോൾ അക്കണ്ണീ-
രൊപ്പുവാനുണ്ടൊരാൾ ഉണ്ണിമാത്രം
എന്തേ കുഞ്ഞേടത്തിയിത്രയോർക്കാൻ
എന്തേ ഓർത്തു മിഴിനിറയ്ക്കാൻ
ഒന്നുമറിയില്ലിയുണ്ണിയ്ക്കെങ്കിലും
ഒന്നറിയാം പാവം കുഞ്ഞേടത്തി
അക്കൈ മുറുകെ പിടിച്ചുകൊണ്ടേ പുഴ
വക്കത്തു ചെന്നങ്ങുനിൽക്കുമ്പോൾ
ഒന്നാപുഴയിലിറങ്ങിക്കുളിയ്ക്കുവാൻ
ഉണ്ണിയ്ക്ക് പൂതി വളരുന്നു
അരുതരുതെന്നു വിലയ്ക്കുകയല്ലാതെ
ഉരിയാടീലൊന്നും കുഞ്ഞേടത്തി

എന്നാലൊരുരാത്രി ഉണ്ണിയുമച്ഛനും
ഒന്നുമറിയാതുറങ്ങുമ്പോൾ
എന്തിനാ പുഴയുടെ ആഴത്തിൽ
കുഞ്ഞേടത്തി ഒറ്റയ്ക്കിറങ്ങിപ്പോയി
ഉണ്ണിയെ കൂടാതെ കൂട്ടുവിളിയ്ക്കാതെ
കുഞ്ഞേടത്തി ഇറങ്ങിപ്പോയി
അച്ഛൻ കട്ടിലിലുണരാതുറങ്ങുന്നു
മുറ്റത്താളുകൾ കൂടുന്നു
ഒന്നുമറിയാതെ ഉണ്ണിമിഴിയ്ക്കുമ്പോൾ
ഒന്നുണ്ടു കാതിൽ കേൾക്കുന്നു
കുഞ്ഞേടത്തിതൻ കുഞ്ഞിവയറ്റിലൊ-
രുണ്ണിയുണ്ടായിരുന്നെന്നോ

കുഞ്ഞേടത്തിയെ തന്നെയല്ലോ
ഉണ്ണിയ്ക്കെന്നാലുമേറെയിഷ്ടം
കുഞ്ഞേടത്തിയെ തന്നെയല്ലോ
ഉണ്ണിയ്ക്കെന്നെന്നുമേറെയിഷ്ടം

Amma ONV Malayalam Kavithakal Lyrics

ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒരമ്മപെറ്റവരായിരുന്നു
ഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു

കല്ലുകള്‍ച്ചെത്തിപ്പടുക്കുമാകൈകള്‍ക്ക്‌ കല്ലിനെക്കാളുറപ്പായിരുന്നു
നല്ലപകുതികള്‍ നാരിമാരോ കല്ലിലെ നീരുറവായിരുന്നു
ഒരുകല്ലടുപ്പിലെ തീയിലല്ലോ അവരുടെ കഞ്ഞി തിളച്ചിരുന്നു
ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ അവരുടെ തീനും തിമിതിമിര്‍പ്പും

ഒരു കിണര്‍ കിനിയുന്ന നീരല്ലോ കോരികുടിക്കാന്‍ കുളിക്കുവാനും
ഒന്‍പതറകള്‍ വെവ്വേറെ അവര്‍ക്കന്തിയുറങ്ങുവാന്‍ മാത്രമല്ലോ
ചെത്തിയകല്ലിന്റെ ചേലുകണ്ടാല്‍ കെട്ടിപ്പടുക്കും പടുതകണ്ടാല്
‍അ കൈവിരുതു പുകഴ്തുമാരും അ പുകഴ്‌ ഏതിനും മീതെയല്ലോ
കോട്ടമതിലും മതിലകത്തെ കൊട്ടാരം കോവില്‍ കൂത്തമ്പലവും
അവരുടെ കൈകള്‍ പടുത്തതത്രേ അഴകും കരുത്തും കൈകോര്‍ത്തതത്രേ
ഒന്‍പതും ഒന്‍പതും കല്ലുകള്‍ ചേര്‍ന്നൊരുശില്‍പ ഭംഗി തളിര്‍ത്തപോലേ
ഒന്‍പതുകല്‍പ്പണിക്കാരവര്‍ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു

അതുകാലം കോട്ടതന്‍ മുന്നിലായി പുതിയൊരു ഗോപുരം കെട്ടുവാനായ്‌
ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഉത്സവമായ്‌ ശബ്ദഘോഷമായി
കല്ലിനും മീതെയായ്‌ ന്യത്തമാടി കല്ലുളി കൂടങ്ങള്‍ താളമിട്ടു
ചെത്തിയകല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്തു പടുക്കും പടുതയെന്തേഇക്കുറി വല്ലായ്മയാര്‍ന്നുപോയി
ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും …

ചെത്തിയകല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്തു പടുക്കും പടുതയെന്തേഇക്കുറി
വല്ലയ്മയാര്‍ന്നുപോയി ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും
കല്ലുകള്‍ മാറ്റിപ്പടുത്തുനോക്കി കയ്യുകള്‍ മാറിപ്പണിഞ്ഞു നോക്കി
ചാന്തുകള്‍ മാറ്റിക്കുഴച്ചുനോക്കി ചാര്‍ത്തുകളൊക്കെയും മാറ്റിനോക്കി
തെറ്റിയതെന്താണെവിടെയാവൊ ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും
എന്താണുപോംവഴിയെന്നൊരൊറ്റച്ചിന്തയവരില്‍ പുകഞ്ഞുനില്‍ക്കെ
വെളിപാടുകൊണ്ടാരോ ചൊല്ലിയത്രെ അധികാരമുള്ളോരതേറ്റു ചൊല്ലി
ഒന്‍പതുണ്ടല്ലോ വധുക്കളെന്നാല്‍ ഒന്നിനെചേര്‍ത്തീ മതില്‍പടുത്താല്
‍ആ മതില്‍ മണ്ണിലുറച്ചുനില്‍ക്കും ആ ചന്ദ്രതാരമുയര്‍ന്നുനില്‍ക്കും

ഒന്‍പതുണ്ടത്രേ പ്രിയവധുക്കള്‍ അന്‍പിയെന്നോരവരൊന്നുപൊലെ
ക്രൂരമാമീബലിക്കായതില്‍നിന്ന് ആരെയൊരുവളെ മാറ്റിനിര്‍ത്തും
കൂട്ടത്തിലേറ്റവും മൂപ്പെഴുന്നോന്‍ തെല്ലൊരൂറ്റത്തോടപ്പോള്‍ പറഞ്ഞുപോയി
ഇന്നുച്ചനേരത്ത്‌ കഞ്ഞിയുമായ്‌ വന്നെത്തിടുന്നവള്‍ ആരുമാട്ടെ
അവളെയും ചേര്‍ത്തീ മതില്‍ പടുക്കും അവളീപ്പണിക്കാര്‍തന്‍ മാനം കാക്കും

ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും
എങ്കിലും ഒന്‍പതുപേരുമപ്പോള്‍ സ്വന്തം വധുമുഖം മാത്രമോര്‍ത്തൂ
അശുഭങ്ങള്‍ ശങ്കിച്ചുപോകയാലോ അറിയാതെ നെടുവീര്‍പ്പുതിര്‍ന്നുപോയി

ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഭിത്തി പടുക്കും പണി തുടര്‍ന്നു
തങ്ങളില്‍ നോക്കാനുമായിടാതെ എങ്ങോ മിഴിനട്ടു നിന്നവരും
ഉച്ചവെയിലില്‍ തിളച്ചകഞ്ഞി പച്ചിലതോറും പകര്‍ന്നതാരോ
അക്കഞ്ഞിപാര്‍ന്നതിന്‍ ചൂടുതട്ടി പച്ചത്തലപ്പുകളൊക്കെ വാടി
കഞ്ഞിക്കലവും തലയിലേന്തി കയ്യാലെതാങ്ങിപ്പിടിച്ചുകൊണ്ടേ
മുണ്ടകപ്പാടവരംബിലൂടെ മുന്നിലെചെന്തെങ്ങിന്‍ തോപ്പിലൂടെ
ചുണ്ടത്ത്‌ തുമ്പച്ചിരിയുമായി മണ്ടിക്കിതച്ചുവരുന്നതാരോ മണ്ടിക്കിതച്ചുവരുന്നതാരോ
മൂക്കിന്റെതുമ്പത്ത്‌ തൂങ്ങിനിന്നു മുത്തുപോല്‍ ഞാത്തുപോല്‍ വേര്‍പ്പുതുള്ളി
മുന്നില്‍ വന്നങ്ങനെ നിന്നവളോ മൂത്തയാള്‍ വേട്ടപെണ്ണായിരുന്നു
ഉച്ചക്കുകഞ്ഞിയും കൊണ്ടുപോരാന്‍ ഊഴമവളുടേതായിരുന്നു
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും
എങ്കിലുമേറ്റവും മൂത്തയാളിന്‍ ചങ്കിലൊരുവെള്ളിടിമുഴങ്ങി
കോട്ടിയ പ്ലാവില മുന്നില്‍ വച്ചു ചട്ടിയില്‍ കഞ്ഞിയും പാര്‍ന്നു വച്ചു
ഒറ്റത്തൊടുകറി കൂടെ വച്ചു ഒന്‍പതുപേര്‍ക്കും വിളമ്പി വച്ചു
കുഞ്ഞിനെ തോളില്‍ കിടത്തി തന്റെ കുഞ്ഞിന്റെയച്ഛന്നടുത്തിരിക്കെ
ഈ കഞ്ഞിയൂട്ടൊടുക്കത്തെയാണെന്ന് ഓര്‍ക്കുവാനാസതിക്കായതില്ല
ഓര്‍ക്കപ്പുറത്താണശനിപാതം ആര്‍ക്കറിയാമിന്നതിന്‍ മുഹൂര്‍ത്തം
കാര്യങ്ങളെല്ലാമറിഞ്ഞവാറെ ഈറനാം കണ്ണ് തുടച്ചുകൊണ്ടേ
വൈവശ്യമൊക്കെ അകത്തൊതുക്കി കൈവന്ന കൈപ്പും മധുരമാക്കി
കൂടെപ്പൊറുത്ത പുരുഷനോടും കൂടപ്പിറപ്പുകളോടുമായി
ഗത്ഗതത്തോടു പൊരുതിടുപോല്‍ അക്ഷരമോരോന്നുമൂന്നിയൂന്നി
അന്ത്യമാം തന്നഭിലാഷപ്പോള്‍ അഞ്ജലിപൂര്‍വ്വം അവള്‍ പറഞ്ഞു
ഭിത്തിയുറക്കാനീപ്പെണ്ണിനേയും ചെത്തിയകല്ലിന്നിടക്കു നിര്‍ത്തി
കെട്ടിപ്പടുക്കുമുന്‍പൊന്നെനിക്കുണ്ട്‌ ഒറ്റയൊരാഗ്രഹം കേട്ടുകൊള്‍വിന്‍
‍കെട്ടിമറയ്ക്കെല്ലെന്‍ പാതി നെഞ്ചം കെട്ടിമറയ്ക്കെല്ലേയെന്റെ കയ്യും
എന്റെ പൊന്നോമന കേണിടുമ്പോള്‍ എന്റെയടുത്തേക്ക്‌ കൊണ്ടുപോരൂ
ഈ കയ്യാല്‍ കുഞ്ഞിനെയേറ്റുവാങ്ങി ഈമുലയൂട്ടാന്‍ അനുവധിക്കൂ
ഏതുകാറ്റുമെന്‍ പാട്ടുപാടുന്നൂ ഏതു മണ്ണിലും ഞാന്‍ മടയ്ക്കുന്നു
മണ്ണളന്ന് തിരിച്ചു കോല്‍നാട്ടി മന്നരായ്‌ മധിച്ചവര്‍ക്കായി
ഒന്‍പതു കല്‍പ്പണിക്കാര്‍ പടുത്ത വന്‍പിയെന്നൊരാക്കോട്ടതന്‍ മുന്നില്
‍ഇന്നുകണ്ടേനപ്പെണ്ണിന്‍ അപൂര്‍ണ്ണസുന്ദരമായ വെണ്‍ശിലാശില്‍പ്പം
എന്തിനോവേണ്ടി നീട്ടിനില്‍ക്കുന്ന ചന്തമോലുന്നൊരാവലം കൈയ്യും
ഞെട്ടില്‍നിന്ന് പാല്‍ തുള്ളികള്‍ ഊറും മട്ടിലുള്ളൊരാ നഗ്നമാം മാറും
കണ്ടുണര്‍ന്നെന്റെയുള്ളിലെ പൈതല്‍ അമ്മ അമ്മയെന്നാര്‍ത്തു നില്‍ക്കുന്നു

കണ്ടുണര്‍ന്നെന്റെയുള്ളിലെ പൈതല്‍ അമ്മ അമ്മയെന്നാര്‍ത്തു നില്‍ക്കുന്..

Agni ONV Malayalam Kavithakal Lyrics

അഗ്നിയാണെന്‍ ദേവത
അഗ്നിയുണ്ട് നെഞ്ചിലെന്‍
അസ്ഥിയില്‍, ജഠരത്തില്‍,
നാഭിയില്‍, സിരകളില്‍
അണുമാത്രമാം ജീവകോശത്തില്‍പോലും
എന്നുമതിനെയൂട്ടാന്‍
ഞാനീ ഇന്ധനം ഒരുക്കുന്നു
മതിയെന്നോതാനറിയില്ല
മണ്ണിലെ ധാന്യ ഫലമൂലങ്ങള്‍
സ്നേഹ ക്ഷീര നീരങ്ങള്‍
മന്ത്രമുരുവിട്ടനുമാത്രം
പ്രാണവായുവും തുളച്ചു അരുളുന്നു ഞാന്‍
എല്ലം അഗ്നിയാഹരിയ്ക്കുന്നു..
അഗ്നിയുണ്ട് നെഞ്ചിലെന്‍
അസ്ഥിയില്‍, ജഠരത്തില്‍,
നാഭിയില്‍, സിരകളില്‍
അണുമാത്രമാം ജീവകോശത്തില്‍പോലും
എന്നുമതിനെയൂട്ടാന്‍
ഞാനീ ഇന്ധനം ഒരുക്കുന്നു
മതിയെന്നോതാനറിയില്ല
മണ്ണിലെ ധാന്യ ഫലമൂലങ്ങള്‍
സ്നേഹ ക്ഷീര നീരങ്ങള്‍
മന്ത്രമുരുവിട്ടനുമാത്രം
പ്രാണവായുവും തുളച്ചു അരുളുന്നു ഞാന്‍
എല്ലം അഗ്നിയാഹരിയ്ക്കുന്നു..
അഗ്നിതന്‍ പ്രസാദമെന്‍ ജീവിതം
എന്നാലിതേയഗ്നിയങ്ങവസാനം
എന്നെയും ഭക്ഷിയ്ക്കുന്നു
എന്നാലിതേയഗ്നിയങ്ങവസാനം
എന്നെയും ഭക്ഷിയ്ക്കുന്നു
അഗ്നിയുണ്ടെന്നാത്മാവില്‍
എന്‍ സിരാതന്തുക്കളെ
വിദ്യുലേഖകളാക്കും
അഗ്നി ആകാശങ്ങളില്‍
ഉയരാന്‍ ജ്വാലാപത്രം വിടര്‍ത്തുമഗ്നി
അധോമുഖമായി ശരിയ്ക്കുന്നൊരിരുണ്ട-
ഖനികള്‍തന്‍ പത്തികള്‍ തേടി
അതിന്‍ മാണിക്യം തേടിപ്പോകെ
ഇത്തിരി വെളിച്ചമായ്
വഴികാട്ടുന്നൊരു അഗ്നി
അഗ്നിയുണ്ടെന്നാത്മാവില്‍
എന്‍ സിരാതന്തുക്കളെ
വിദ്യുലേഖകളാക്കും
അഗ്നി ആകാശങ്ങളില്‍
ഉയരാന്‍ ജ്വാലാപത്രം വിടര്‍ത്തുമഗ്നി
അധോമുഖമായി ശരിയ്ക്കുന്നൊരിരുണ്ട-
ഖനികള്‍തന്‍ പത്തികള്‍ തേടി
അതിന്‍ മാണിക്യം തേടിപ്പോകെ
ഇത്തിരി വെളിച്ചമായ്
വഴികാട്ടുന്നൊരു അഗ്നി
കാരിരുമ്പുരുക്കുന്നോരഗ്നി
കല്ല്കരിയിലും സൂര്യനെ
ജ്വലിപ്പിയ്ക്കും അഗ്നി
എന്‍ കരങ്ങളെ തളയ്ക്കും വിലങ്ങുകള്‍
അടിച്ചു തകര്‍ക്കുവാന്‍
ഉരുക്കു കൂടം വാര്‍ക്കുമഗ്നി
എന്‍ സ്വരങ്ങളെ നൃത്തമാടിയ്ക്കും
വീണക്കമ്പികള്‍ ഘനലോഹഹൃത്തില്‍ നിന്ന്
ഇഴകളെയായ് നൂത്തെടുക്കുമഗ്നി
കാരിരുമ്പുരുക്കുന്നോരഗ്നി
കല്ല്കരിയിലും സൂര്യനെ
ജ്വലിപ്പിയ്ക്കും അഗ്നി
എന്‍ കരങ്ങളെ തളയ്ക്കും വിലങ്ങുകള്‍
അടിച്ചു തകര്‍ക്കുവാന്‍
ഉരുക്കു കൂടം വാര്‍ക്കുമഗ്നി
എന്‍ സ്വരങ്ങളെ നൃത്തമാടിയ്ക്കും
വീണക്കമ്പികള്‍ ഘനലോഹഹൃത്തില്‍ നിന്ന്
ഇഴകളെയായ് നൂത്തെടുക്കുമഗ്നി
അഗ്നി.. എന്നിലെയഗ്നി
എന്‍ മൃതിയിലും എന്റക്ഷരങ്ങലിമുണ്ടാം
കടഞ്ഞാലതുകത്തും..
അഗ്നി.. എന്നിലെയഗ്നി
എന്‍ മൃതിയിലും എന്റക്ഷരങ്ങലിമുണ്ടാം
കടഞ്ഞാലതുകത്തും..

Paadheyam ONV Malayalam Kavithakal Lyrics

വേര്‍പിരിയുവാന്‍ മാത്രമൊന്നിച്ചുകൂടി നാം
വേദനകള്‍ പങ്കുവയ്ക്കുന്നൂ!
കരളിലെഴുമീണങ്ങള്‍ ചുണ്ടു നുണയുന്നൂ;
കവിതയുടെ ലഹരി നുകരുന്നൂ!
കൊച്ചുസുഖദുഃഖമഞ്ചാടിമണികള്‍ ചേര്‍ത്തു-
വച്ചു പല്ലാങ്കുഴി കളിക്കുന്നൂ,
വിരിയുന്നു കൊഴിയുന്നൂ യാമങ്ങള്‍;-
നമ്മളും പിരിയുന്നു യാത്ര തുടര്‍ന്നൂ!

മായുന്ന സന്ധ്യകള്‍ മടങ്ങിവരുമോ?-പാടി-
മറയുന്ന പക്ഷികള്‍ മടങ്ങിവരുമോ?
എങ്കിലും സന്ധ്യയുടെ കൈയിലെ സ്വര്‍ണവും
പൈങ്കിളിക്കൊക്കില്‍ കിനിഞ്ഞ തേന്‍തുള്ളിയും
പൂക്കള്‍ നെടുവീര്‍പ്പിടും ഗന്ധങ്ങളും മൌന-
പാത്രങ്ങളില്‍ കാത്തുവച്ച മാധുര്യവും
മാറാപ്പിലുണ്ടെന്‍റെ മാറാപ്പിലു,ണ്ടതും
പേറി ഞാന്‍ യാത്ര തുടരുന്നൂ!

മുറതെറ്റിയെത്തുന്നു ശിശിരം!
വിറകൊള്‍വൂ തരുനഗ്നശിഖരം!
ഒരു നെരിപ്പോടിന്‍റെ ചുടുകല്ലുകള്‍ക്കിടയില്‍
എരിയുന്ന കനലുകള്‍ കെടുന്നൂ.
വഴിവക്കില്‍ നിന്നേറിവന്ന വിറകിന്‍കൊള്ളി
മുഴുവനുമെരിഞ്ഞു തീരുന്നൂ.
ഒടുവിലെന്‍ ഭാണ്ടത്തില്‍ ഭദ്രമായ്‌ സൂക്ഷിച്ച
തുടുചന്ദനത്തുണ്ടു വിറകും
അന്ത്യമായ് കണ്ണുചിമ്മുമഗ്നിക്കു നല്‍കി ഞാന്‍
ഒന്നതിന്‍ ചൂടേറ്റു വാങ്ങി.

പാടുന്നു നീണ്ടൊരീ യാത്രയില്‍ തളരുമെന്‍
പാഥേയമാകുമൊരു ഗാനം!
ഒരു കപടഭിക്ഷുവായ് ഒടുവിലെന്‍ ജീവനെയും
ഒരു നാള്‍ കവര്‍ന്നു പറന്നുപോവാന്‍
നിഴലായി നിദ്രയായ് പിന്തുടര്‍ന്നെത്തുന്ന
മരണമേ!നീ മാറി നില്‍ക്കൂ!
അതിനുമുന്‍പതിനുമുന്‍പൊന്നു ഞാന്‍ പാടട്ടെ
അതിലെന്‍റെ ജീവനുരുകട്ടെ!
അതിലെന്‍റെ മണ്ണ് കുതിരട്ടേ,പിളര്‍ക്കട്ടേ,
അതിനടിയില്‍ ഞാന്‍ വീണുറങ്ങട്ടെ!

Moham ONV Malayalam Kavithakal Lyrics

ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലി
മരമൊന്നുലുത്തുവാന്‍ മോഹം.

അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത്‌ അതിലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം

തൊടിയിലെ കിണര്‍വെള്ളം കോരിക്കുടിച്ചെന്തു
മധുരമെന്നോതുവാന്‍ മോഹം
എന്തു മധുരമെന്നോതുവാന്‍ മോഹം

ഒരുവട്ടം കൂടിയാപ്പുഴയുടെ തീരത്തു
വെറുതെയിരിക്കുവാന്‍ മോഹം
വെറുതെയിരുന്നോരാക്കുയിലിന്റെ
പാട്ടുകേട്ടെതിര്‍പാട്ടു പാടുവാന്‍ മോഹം

അതുകേള്‍ക്കെയുച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോടു
അരുതേയെന്നോതുവാന്‍ മോഹം

വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം..
വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം..
വെറുതേ മോഹിക്കുവാന്‍… മോഹം..

Please Comment if any corrections are required.

Leave a Reply